Thursday, April 30, 2009

Bt വഴുതനങ്ങ ?

അടുത്ത പ്രാവശ്യം നിങ്ങള്‍ വഴുതനങ്ങ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുമ്പോള്‍ സൂക്ഷിക്കുക .നിങ്ങള്‍ ഉപയോഗിക്കുന്ന വഴുതനങ്ങ ജനിതക മാറ്റങ്ങള്‍ വരുത്തിയതാവാം .അസാധാരണ വലിപ്പമോ നിറമോ ഉള്ള പച്ചക്കറികള്‍ ഈ കൂട്ടത്തില്‍ പെട്ടതാവാം .അമിതമായ കീടനാശിനികളുടെ പ്രയോഗം മൂലം ഇപ്പോള്‍ തന്നെ എല്ലാ ഭക്ഷ്യ വസ്തുക്കളും വിഷലിപ്തമായി കഴിഞ്ഞിരിക്കയാണ് . ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും മറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഉണ്ടാക്കാന്‍ വഴി വയ്ക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു . സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജനിതക മാറ്റം വരുത്തിയ പച്ചക്കറികളുടെ കൃഷി തല്ക്കാലം നിര്‍ത്തി വച്ചിക്കയാണെങ്കിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത് .ഈ കുടില തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ Monsanto എന്ന അമേരിക്കന്‍ കമ്പനി ആണ് .അമേരിക്കയില്‍ ,ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്കെതിരെ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിരക്കയാണ് ഈ കമ്പനി .മെക്സിക്കോ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഈ കമ്പനിയെ പടിക്ക് പുറത്തു നിര്‍ത്തിയിരക്കയാണ് . പക്ഷെ ഇന്ത്യന്‍ ഭരണകൂടം ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കയാണെന്നും മനസ്സിലാക്കണം .ഭക്ഷ്യ ക്ഷാമം തീര്‍ക്കാന്‍ ഇതല്ലാതെ വേറെ പോംവഴി ഇല്ല എന്നാണു ഇവരുടെ വാദം . പക്ഷെ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്ന ആഫ്രികന്‍ രാജ്യങ്ങള്‍ പോലും ഈ കമ്പനിയെ സ്വീകരിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ് .
പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിലെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും അവരുടെ കൈപ്പിടിയില്‍ ആക്കുക എന്നതാണ് ലക്‌ഷ്യം .മറ്റു നാടുകള്‍ ഈ വിപത്ത് മനസ്സിലാക്കി ,പക്ഷെ നമ്മളോ .ഇവിടെ ആണ് ജനകീയ പ്രതിരോധങ്ങളുടെ പ്രസക്തി ഏറുന്നത് .വിപണിയില്‍ Bt ഉത്പന്നങ്ങള്‍ അല്ലാതെ മറ്റൊന്നും കിട്ടാത്ത അവസ്ഥ ഉണ്ടായിക്കൂടാ .കേരളത്തിലെ ഭരണകൂടവും ഗേറ്റ്സ് ഫൌണ്ടേഷന്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജനിതക മാറ്റം വരുത്തിയ നെല്‍വിത്തുകള്‍ വികസിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന് പത്ര വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. തലതിരിഞ്ഞ വികസന സ്വപ്നങ്ങളുമായി നടക്കുന്ന ഈ വര്‍ഗങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ക്കെ കഴിയു .വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടാന്‍ നമുക്ക് ആരും അധികാരം തന്നിട്ടില്ല .

Tuesday, April 28, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌ അഥവാ മീഡിയ ഫയര്‍വാള്‍ ?

പ്രശസ്ത മാധ്യമ വിചാര വിദഗ്ധയും കോളം എഴുത്ത് കാരിയും ആയ സെവന്തി നൈനാന്‍ തന്റെ വാരാന്ത്യ കോളത്തില്‍ മാധ്യമ രംഗത്തെ അദൃശ്യ മായ ഒരു പ്രതിഭാസത്തെ വിശകലനം ചെയ്യുന്നു . പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ മീഡിയ ഫയര്‍വാള്‍ എന്നാണു വിളിക്കുന്നത് .വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത വാര്‍ത്തകളെ ബോധപൂര്‍വം തമസ്കരിക്കയോ താല്പര്യം ഉള്ളവയ്ക്ക് അമിത പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പ്രവൃത്തി ആണിത് .കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും ഫയര്‍വാള്‍ എന്താണെന്ന് അറിയാമായിരിക്കുമല്ലോ .
നമ്മുടെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രവൃത്തിയില്‍ ഒട്ടും പുറകിലല്ലാ എന്ന് ഉദാഹരണങള്‍ സഹിതം അവര്‍ തെളിയിക്കുന്നു .
നമ്മുടെ ,മലയാളം , മാധ്യമ രംഗം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും .തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടലുകള്‍ കുറച്ചു കൂടി തീഷ്ണമാകുന്നത് നമുക്കു കാണാം . സി പി എം - പി ഡി പി ബാന്ധവത്തിന്റെ പേരില്‍ എത്ര പത്ര താളുകളും മണിക്കൂറുകളും ആണ് ചിലവാക്കിയതെന്നു നമുക്കറിയാം . അതിനേക്കാള്‍ എത്ര വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നു .ഇനി അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണോ ദേശീയ വിഷയങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് . നയപരമായ വിഷയങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം . അപ്പോള്‍ മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്ന് വേണം അനുമാനിക്കാന്‍ .പാര്‍ടി പത്ര - ചാനലുകളെക്കാള്‍ പാര്‍ടി വിധേയത്തം കാണിച്ച മാധ്യമങ്ങളല്ലേ ഇവിടെ കൂടുതല്‍ ഉള്ളത് . ജാതി മത ജിഹ്വകള്‍ക്ക് ഇത്ര അമിത പ്രാധാന്യം ഉണ്ടായ വേറൊരു തിരഞ്ഞെടുപ്പും ഇതിനു മുമ്പ് ഉണ്ടായതായി തോന്നുന്നില്ല .കാര്യങ്ങള്‍ ഈ വഴി തരിച്ചു വിട്ടതിനു പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങള്‍ തന്നെ ആണ് .

Saturday, April 25, 2009

രാവണന്‍ കോട്ട .

പുലി പ്രഭാകരനെ ജീവനോടെ പിടിക്കുകയും ഇന്ത്യക്ക് കൈ മാറുകയും ഒക്കെ ആവാം .പക്ഷെ വീടും കൂടും ഉപേക്ഷിച്ചു കൂട്ടത്തോടെ പലായനം ചെയ്യുന്ന ലക്ഷ ക്കണക്കിന് തമിഴ് വംശജരുടെ നിലനില്‍പ്പ്‌ പോലും അപകടത്തിലാണ് .യു എന്‍ സംഘത്തെ പ്പോലും ഈ മേഘലയിലേക്ക് കടക്കാന്‍ ലങ്കന്‍ ഭരണ കൂടം അനുവദിക്കുന്നില്ല .അഭയാര്‍ഥി ക്യാമ്പില്‍ എത്തി പെട്ടവര്‍ പോലും ആവശ്യത്തിനു ഭക്ഷണവും ,മരുന്നും ,വെള്ളവും കിട്ടാതെ ചത്തൊടുങ്ങുന്നു .2000 ത്തില്‍ അധികം ആളുകള്‍ മരിച്ചു എന്നാണു റെഡ് ക്രോസ്സിന്റെ കണക്ക്‌ . അതില്‍ അധികം ആകാനെ വഴിയുള്ളൂ .ഈ ഹത ഭാഗ്യര്‍ നീതി അര്‍ഹിക്കുന്നില്ലേ .
തമിഴരര്‍ ആണെങ്കിലും ഇവരും ശ്രീലങ്കന്‍ പൌരന്മാരല്ലേ. പല രാജ്യങ്ങളും പറയുന്നതു പോലെ ഇത് ലങ്കയുടെ ആഭ്യന്തര പ്രശ്നം മാത്ര മല്ല . അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ അന്താരാഷ്ട്ര സമുഹത്തിന് കഴിയുമോ . പ്രഭാകരന്‍ ഇവരെ മനുഷ്യ മറയായി ഉപയോഗിച്ചിട്ടുണ്ടാവാം .ലങ്കന്‍ പട്ടാളവും പുലികളും തമ്മിലുള്ള വെടിവെയ്പില്‍ എത്ര നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു കാണും .
ഇന്ത്യാ സര്‍ക്കാര്‍ ഈ പട്ടാള നടപടിക്ക് പച്ചകൊടി കാട്ടിയോ എന്ന സംശയം മനസ്സില്‍ ഉടക്കുന്നു .
രണ്ടു പ്രധിനിധികളെ അങ്ങോട്ട് വിട്ട് ഒരു ചര്‍ച്ച നടത്തി ഒരു പ്രസ്താവനയും നല്കി ഇന്ത്യന്‍ ഭരണകര്താക്കള്‍ക്ക് ഇതില്‍ നിന്നും കൈ കഴുകാന്‍ പറ്റുമോ . കരുണാനിധി കാണിച്ച തറ വേല പോലെ . ഇവിടെ പ്രഭാകരനല്ല പ്രശ്നം .ലക്ഷ ക്കണക്കിന് നിസ്സഹായരായ ,നിരാലംബരായ മനുഷ്യ ജീവികളാണ് .

Thursday, April 23, 2009

ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര്‍ .

നമ്മുടെ നാട്ടിലും രാഷ്ട്രീയക്കാരും ക്രിമിനലുകളും ആയുള്ള ബന്ധം കൂടി ക്കൂടി വരികയാണല്ലോ .ഇതൊക്കെ വടക്കെ ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമായി വിശ്വസിക്കാന്‍ നാം ശ്രമിക്കയാണെന്ന് തോന്നുന്നു .പക്ഷെ അങ്ങനെ അല്ല സംഭവിക്കുന്നത് എന്ന് വിചാരിക്കാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട് . തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഗുണ്ടാ സംഘം കണ്ണൂരില്‍ എന്തിനാണ് വന്നതെന്നും ആരുടെ ആവശ്യ പ്രകാരമാണ് വന്നതെന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു .അതില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സുധാകരന്‍ എം എല്‍ അവരെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ നടത്തിയ നാടകങ്ങളും എല്ലാവരും ചാനലുകളില്‍ കണ്ടതാണ് . ഇവരെല്ലാം സുധാകരെന്റെ സുഹൃത്തുക്കളോ ബിസിനെസ്സ് പങ്കാളികളോ ആണെന്നാണ്‌ അദ്ദേഹം പറയുന്നത് . തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ഇവര്‍ കുപ്രസിദ്ധ ഗുണ്ടാകളാണ് എന്നാണ് അറിയുന്നത് . സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശ വാഹകരായ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ പാടുണ്ടോ. കമ്മ്യൂണിസ്റ്റ്കാര്‍ അക്രമം കാണിക്കാന്‍ മടിയില്ലാത്തവരാനെന്നു പണ്ടേ മുദ്ര കുത്തപ്പെട്ടവരാണല്ലോ . അത് പോലെയാണോ ഗാന്ധിജിയുടെ പിന്മുറക്കാരായ കോണ്‍ഗ്രസുകാര്‍ . സദാചാര മൂല്യങ്ങള്‍ രാഷ്ടീയത്തിനോട് വിട പറഞ്ഞിട്ട് നാളുകള്‍ ഒരുപാടായി . ഉമ്മന്‍ ചാണ്ടി എന്തിന് തിരക്ക് പിടിച്ചു കണ്ണൂരേക്ക്‌ പറന്നു .അവിടെ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈ കാര്യം ചെയ്യാന്‍ പോലീസും പട്ടാളവും ധാരാളം ഉണ്ടായിരുന്നല്ലോ . പിന്നെന്തിനു രഹസ്യ സന്ദര്‍ശനം .ഇപ്പോള്‍ പരസ്യം ആയെങ്കിലും .

Tuesday, April 21, 2009

നാളെ ഇല്ലാത്തവര്‍ .

നമ്മടെ നാട് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തമല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണല്ലോ .അങ്ങനെയല്ല എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ പ്രധാന മന്ത്രിയും കൂട്ടരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടി ഇടണമല്ലോ . ചില തലതിരിഞ്ഞ വികസനങ്ങളുടെ കണക്കു പറഞ്ഞു മേനി നടിക്കാന്‍ ശ്രമിക്കയാണവര്‍. 2006 തൊട്ട് ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും . യു എന്‍ ഹ്യൂമന്‍ റിസോര്‍സ് index ഇല്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ് .അതും ഭു‌ട്ടാനിനും താഴെ .പോഷക ആഹാരങ്ങള്‍ കിട്ടാതെ മരിച്ചു ജീവിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും ഭയാനകമായ രീതിയില്‍ കൂടി കൊണ്ടിരിക്കയാണ് .തൊഴില്‍ ഇല്ലാത്തവരുടെ ഒരു വന്‍ സേന തന്നെ നമുക്കു സ്വന്തമാണ് .നഗരങ്ങളില്‍ നിന്നും തൊഴിലില്ലാതെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ഈ സേനയെ ഉള്‍കൊള്ളാന്‍ ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിയില്ല എന്നതും സത്യം . അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നതു പോലെ കാര്യങ്ങള്‍ അത്ര ശുഭ സൂചകമല്ല .കുറച്ചു കോടി കോടി പതികള്‍ ഉണ്ടായി എന്നത് സത്യം തന്നെ .പക്ഷെ അതാണോ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചകം .
ഒരു സുഹൃത്ത് ചോദിച്ച പോലെ "ഇന്ത്യ മുഴുവന്‍ ഒരു രൂപയ്ക്കു ഫോണ്‍ വിളിക്കാം , അത് പോരെ ". നമ്മുടെ മധ്യ വര്‍ഗം ഇങ്ങനെ ചിന്തിക്കുന്നു . ഭരണ കൂടവും ഈ ചിന്ത തന്നെ പ്രതിഫലിപ്പിക്കുന്നു .

Sunday, April 19, 2009

ശേഷം ചിന്ത്യം .....

കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു . ജാതി മത സമവാക്യങ്ങള്‍ ആരെ ഒക്കെ രക്ഷിക്കും ശിക്ഷിക്കും എന്നറിയാന്‍ നീണ്ട ദിനങ്ങളുടെ കാത്തിരിപ്പ്‌ . ഈ തിരഞ്ഞെടുപ്പ് ഓരോ ജാതിയുടേയും ശക്തി പരീക്ഷിക്കാന്‍ ഉള്ള മത്സരം ആയി മാറിയത് പോലെ തോന്നുന്നു . പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഈ കാര്യം വെളിവാകും . മദനി തിരുമേനിമാരുടെ പ്രസ്താവനകള്‍ പോളിസി ചര്‍ച്ചകളെക്കാള്‍ പ്രാമുഖ്യം നേടി എന്നതും സത്യം . ദേശീയ നേതാക്കള്‍ പല കാര്യങ്ങളും ചര്‍ച്ചക്കായി അവതരിപ്പിച്ചു എങ്കിലും വലിയ ശ്രദ്ധ കിട്ടിയില്ല .അതിന് മുമ്പെ ജനങ്ങളുടെ വിചാര ഗതി മറ്റൊരു ദിശയില്‍ തിരിച്ചു വിടപ്പെട്ടു കഴിഞ്ഞിരുന്നു . നമ്മുടെ മാധ്യമങ്ങളും ചാനലുകളും തന്നെ ഇതിനു ഉത്തരവാദികള്‍ .ഒരു കോര്‍ണര്‍ യോഗവും കേള്‍ക്കാതെ വീട്ടിലിരുന്നു കാര്യങ്ങള്‍ തീരുമാനിക്കാം എന്ന അവസ്ഥ വന്നു . ജാതിക്ക് വോട്ടു ചെയ്യാന്‍ കൂടുതല്‍ അറിയേണ്ട കാര്യമില്ലല്ലോ .
വോട്ടിങ്ങ് ശതമാനം കൂടിയത്തിനും കാരണം അതായിരിക്കുമല്ലോ .
വിമോചന സമരം വോട്ടിങ്ങ് യന്ത്രത്തിലൂടെ .

Thursday, April 9, 2009

മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര്‍ ?????

സോണിയ ഗാന്ധിയുടെ ചുഴലിക്കാറ്റ് തിരഞ്ഞെടുപ്പ് പര്യടനെത്തില്‍ മുഴങ്ങി കേട്ട ഒരു വാക്യമുണ്ട്; "കേരളത്തില്‍ 40000 കോടി രു‌പയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി " .ആത്മാഭിമാനമുള്ള മലയാളിയുടെ മുഖത്തടിച്ച പോലെയായി ആ പ്രസ്താവം . കപ്പം നല്കുന്ന സാമന്ദന്‍മാരോടുള്ള രാജാവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം പോലെയായി ഇത് . കേരളം ആരുടേയും ഔദാര്യം പറ്റി ജീവിക്കുന്ന ഒരു സംസ്ഥാനമല്ല എന്ന് ഇവിടുത്തെ കോണ്‍ഗ്രെസ്സുകാരെന്കിലും മനസ്സിലാക്കിയാല്‍ നന്ന് . പ്രവാസി മലയാളികള്‍ നാട്ടിലേക്ക് ഒഴുക്കുന്ന വിദേശ നാണ്യം കേന്ദ്ര ഖജനാവിനെ എത്രമാത്രം താങ്ങി നിര്‍ത്തുന്നു എന്ന കാര്യം കോണ്‍ഗ്രസ് നേതാവ് സൌകര്യ പൂര്‍വ്വം മറന്നു കളഞ്ഞു .നമുക്കെന്തോ പിച്ച തന്നത് പോലെയല്ലേ അവരുടെ സംസാരം .
കേന്ദ്രം കേരളത്തിനോട് കാണിച്ച ചിറ്റമ്മ നയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാലക്കാട് റെയില്‍വേ ഡിവിഷന്റെ വിഭജനം .ഇത് ആരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചെയ്തതെന്ന് നമുക്കറിയാം . റെയില്‍വേക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നും നാം ഓര്‍ക്കണം .ഒരു സോണിനു വേണ്ടിയുള്ള നമ്മുടെ അഭ്യര്‍ഥനകള്‍ ആര് കേള്‍ക്കാന്‍ .
എഴിമല നാവിക അക്കാദമി നമ്മോടു കാണിച്ച ഔദാര്യ മായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അതിലും കഷ്ടം .ഇന്ത്യയില്‍ വേറൊരു ഏഴിമല കണ്ടെത്താന്‍ ആകുമോ .എഴിമലയുടെ തന്ത്ര പ്രാധാന്യം വിവരമുള്ളവര്‍ക്ക് മനസ്സിലാകും .
വ്യവസായ ലോബിയുടെ ഇംഗിതത്തിനു വഴങ്ങി നമ്മുടെ നാണ്യ വിളകളുടെ വില സ്ഥിരത തകര്‍ത്തതും നാം മറക്കണോ.കേന്ദ്രത്തില്‍ ഷുഗര്‍ ലോബിയുടെയും ടയര്‍ ലോബിയുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആളുണ്ട് . കേരളത്തിലെ പാവം കര്‍ഷകന് കേന്ദ്രത്തില്‍നിന്നും എന്താണ് പ്രതീക്ഷിക്കാനുള്ളത്‌ .
APL വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയുടെ 75 % കേന്ദ്രം വെട്ടിക്കുറച്ചു .
നാണമാവില്ലേ ഇവറ്റകള്‍ക്ക് .ഇലക്ഷന്‍ അടുക്കുമ്പോള്‍ വന്നിട്ട് കേരളത്തിന് പിച്ച തന്നതിനെ പ്പറ്റി മേനി പറയാന്‍ .

Tuesday, April 7, 2009

കോമരങ്ങള്‍ .

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജാതി മത കോമരങ്ങള്‍ ഉറഞ്ഞാടുന്ന കാഴ്ച ആണ് നാം കാണുന്നത് .സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി ഈ കോമരങ്ങള്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ ജനം അപ്പാടെ വിശ്വസിക്കും എന്ന് കരുതാനാകുമോ .ഈ അവസ്ഥക്ക് ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തന്നെ എന്നും നമുക്കറിയാം .എല്ലാ സ്ഥാനാര്‍ഥികളും കണിച്ചുകുളങ്ങരയിലേക്ക് തീര്‍ഥാടനം നടത്തിയതും നാം കണ്ടു .നടേശ ഗുരു എല്ലാവരെയും അനുഗ്രഹിച്ചു വിട്ടു .പണിക്കര് സ്വാമികളും പ്രകടനം ഒട്ടും മോശമാക്കിയില്ല .പിതാക്കന്മാരും തിരുമേനിമാരും എല്ലാവരെയും അനുഗ്രഹിച്ചില്ല.
കേരളത്തില്‍ ഇത്രയും ജാതി സംഘടനകള്‍ ഉണ്ടെന്നു നാം അത്ഭുതത്തോടെ മനസിലാക്കുന്നു . അപ്പോള്‍ ജാതി സംഘടനകളുടെ പിന്തുണ ഇല്ലെന്കില്‍ കേരളത്തില്‍ ഒരു സ്ഥനാര്തിയും ജയിക്കില്ല എന്ന അവസ്ഥ ആയോ .
മാധ്യമ കോമരങ്ങളും അവരുടെ ദൌത്യം കൃത്യമായി നിര്‍വഹിച്ചു വരുന്നു .ഓരോരുത്തര്‍ക്കും ഓരോ അജണ്ട ഉണ്ടെന്നു മനസ്സിലാകാന്‍ മൂന്നാം കണ്ണിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല .നല്ല പരസ്യം കിട്ടിയാല്‍ എന്തോ മാധ്യമ ധര്‍മം . മാധ്യമങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ഓരോ പാക്കേജ് അവതരിപപിച്ചിട്ടുന്ടെന്നു കേള്‍ക്കുന്നു . പതിനഞ്ചു ഇരുപതു ല്ക്ഷം കൊടുത്താന്‍ ഭേദപ്പെട്ട coverage കൊടുക്കും .പുതിയ പത്ര ധര്‍മം .
നമ്മുടെ ജനാധിപത്യം ഇത്ര അധപ്പതിച്ചു പോയല്ലോ .
കേഴുക പ്രിയ നാടേ.

Sunday, April 5, 2009

ഖദറില്‍ പൊതിഞ്ഞ ചതി .........

രാഷ്ട്രീയത്തില്‍ കരിയരിസ്റ്റ് എന്ന വിശേഷണം ഒരു ഭൂഷണം ആയി കരുതാത്തവര്‍ ഏറെ ഉണ്ടാവും .പക്ഷെ ഈ അടുത്ത കാലത്ത് കരിയരിസ്റ്റുകള്‍ ഇടിച്ചു കേറുന്ന കാഴ്ചകളാണ് നാം കാണുന്നത് . കോണ്ഗ്രസ് കാര്‍ വേഷം കെട്ടിയിറക്കിയ തരൂര്‍ ഒരു കരിയരിസ്റ്റ് അല്ലാതെ മറ്റെന്താണ് .
തന്റെ ഉന്നതിക്കു വേണ്ടി ആരെയും തള്ളിപ്പറയാനും ,പറഞ്ഞവ തിരിച്ചു വിഴുങ്ങാനും ഒരു മടിയും ഇല്ലാത്ത ഇവരെ നാം സൂക്ഷിക്കണം .മറ്റൊന്നുമല്ല നാളെ നമ്മളെയും തള്ളിപ്പറയില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ .ഒരു മുന്‍ നയതന്ത്ര വിദഗ്ധന്‍ പറയുന്നത് തരൂരിന് എതിരെ പറയുന്നതെല്ലാം അടിസ്ഥാനരഹിതം ആണെന്നാണ്‌ .ജനങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഈ എതിര്‍ അഭിപ്രായങ്ങള്‍ക്ക് ആധാരം .ആരും പുതുതായി കണ്ടു പിടിച്ചതല്ല .
ഇന്ത്യയെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച് സായിപ്പന്മാരുടെ കയ്യടി വാങ്ങാനാണ് നോവലുകളിലൂടെ അദ്ദേഹം ശ്രമിച്ചിട്ടുള്ളത് . imperialist , Zionist ചിന്താധാരകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖമുദ്ര എന്ന കാര്യം നമുക്കു വിസ്മരിക്കാന്‍ കഴിയില്ല . വംശീയ ശുദ്ധീകരണം മുന്‍നിര്‍ത്തി എന്ത് ക്രു‌രതയും ചെയ്യാന്‍ മടിക്കാത്ത ഇസ്രായിലിനെ ന്യായികരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഈ മനുഷ്യന്‍ ആരുടെ മിത്രമാണ് .
ഒരു സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്ന പോലെ അയാളുടെ വിശ്വാസ പ്രമാണങ്ങളെ ക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ . എന്നാലല്ലേ അയാള്‍ ആരുടെ കൂടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയു. റേഷന്‍ അരി കാണാത്തവന്‍ എങ്ങനെ റേഷന്‍ അരി കിട്ടാത്തവന്റെ ദുഃഖം മനസ്സിലാക്കും .
ഒരു സാധാരണ കോണ്‍ഗ്രെസ്സുകാരെന്റെ മഹത്വം പോലും ഇയാള്‍ക്ക് അവകാശപ്പെടാനില്ല .
തരം പോലെ വേഷം മാറി നമ്മെ പറ്റിക്കാന്‍ വരുന്ന ഈ അവതാരങ്ങളെ തിരിച്ചറിയേണ്ട കാലം ആയിരിക്കുന്നു . മിന്നുന്നതെല്ലാം പൊന്നല്ല .

Saturday, April 4, 2009

പുണ്യാളനും മിസൈലും ?????

നമ്മള്‍ ചിലപ്പോള്‍ അറിഞ്ഞോ അറിയാതയോ ചിലര്‍ക്ക് ചില പരിവേഷം ചാര്‍ത്തി കൊടുക്കാറുണ്ട് .അങ്ങനെ കോണ്‍ഗ്രസ്സ്കാര്‍ ശ്രീമാന്‍ ആന്റണിയെ പുണ്യവാളന്‍ ആക്കി .പ്രതിസന്ധി ഘട്ടം വരുമ്പോള്‍ രാജി വയ്ക്കുക ,കൂടെ നില്‍ക്കുന്നവരെ കുരുതി കൊടുക്കുക ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ പ്രധാന അടവ് നയങ്ങള്‍ . ഒരു പ്രഭാവലയം ഉണ്ടാക്കി തടിതപ്പുക മുതലായ പൂഴിക്കടകന്‍ പ്രയോഗങ്ങള്‍ ഇദ്ദേഹത്തിനു മാത്രം സ്വന്തം .
പതിനായിരം കോടി ഉറുപ്പികയുടെ ഇസെരിലുമായുള്ള ആയുധ കരാറിനെ പ്പറ്റി ആരോപണം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹം കുറച്ചു നാള്‍ മൌനം വരിച്ചു .ഒടുവില്‍ തിരുവനന്തപുരത്ത് വന്നു വാ തുറന്നു .പത്രക്കാരുടെ സംശയങ്ങള്‍ക്ക് വ്യക്തമായി മറുപടിപറയാന്‍ കഴിഞ്ഞില്ല എന്നത് സത്യം .രണ്ടു വര്‍ഷമായി ചര്‍ച്ച ചെയ്യുന്ന കരാര്‍ ആണ് ഇതു എന്നാണ് പറഞ്ഞതു . അപ്പോള്‍ ഒരു സംശയം .അങ്ങനെയെങ്കില്‍ എന്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പ്‌ ധൃതി പിടിച്ചു ഈ കരാറില്‍ ഒപ്പിട്ടു . അതും ആരും അറിയാതെ .അറുനൂറു കോടി ഉറുപ്പികയുടെ "ബിസിനസ്സ് ചാര്‍ജ്ജസ് " എന്താണെന്ന് ഇതു വരെ വ്യക്തമാക്കി യിട്ടില്ല . ഇടനിലക്കാരന്‍ ഉണ്ടെങ്കില്‍ കരാര്‍ ഉപേക്ഷിക്കാം എന്നാണു വകുപ്പ് എന്ന് ആന്റണി പറയുന്നു .മന്ത്രി കമല്‍ നാഥിന്റെ മരുമകന്‍ ആണ് agent എന്ന് ഡി എന്‍ എ പത്രം ആരോപിക്കുന്നു .ഇതിനൊന്നും ഉത്തരം ഇല്ല .പാകിസ്താന്‍ എന്ന ഉമ്മാക്കി കാണിച്ചു പാവം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ ശ്രമിക്കുന്നു . ഐ എ ഐ എന്ന ഇസ്രേല്‍ സ്ഥാപനം അത്ര നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള സ്ഥാപനം അല്ലെന്നാണ് പറയുന്നത് .ഈ അഴിമതി ആരോപണം ആദ്യം വെളിയില്‍ കൊണ്ടുവന്നത് ഡി എന്‍ എ പത്രമാണ്‌ .ഒരാഴ്ച പ്രതിരോധ മന്ത്രാലയം കുറ്റകരമായ നിശ്ശബ്ദത പാലിച്ചു .ഏതായലുമ് ഒരു മാസം കൊണ്ടു മിസൈല്‍ ടെക്നോളജി വികസിപ്പിച്ചെടുക്കാന്‍ കഴിയില്ലല്ലോ .കൊണ്ഗ്രെസ്സ്കാരെല്ലാം പ്രതിരോധത്തിലാണ് എന്നതും ശ്രദ്ധേയമാണ് .ആന്റണി ചെയ്യില്ല ,ചെയ്യില്ല എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഒരുവിട്ടത് കൊണ്ടൊന്നും കാര്യമില്ല . ഇതിനെ പ്പറ്റി ഒരു ഇസ്രേലി പത്രം എഴുതിയതാണ് രസകരം ,ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ ഈ കരാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് . നമുക്കല്ലേ അവരുടെ പെടാപ്പാട് അറിയൂ . അടുത്ത ബോഫോഴ്സ് ആണോ ഇതു .ഒരു പാവം പൌരന്റെ സംശയം .

Friday, April 3, 2009

സി ബി ഐ യുടെ ക്രു‌രകൃത്യം !!!!!!!!!

ദില്ലിയില്‍ മൂവായിരത്തോളം സിക്ക് കാരെ കൊന്ന കേസിലെ മുഖ്യ പ്രതിയായ ജഗ്ദിഷ് ടൈട്ലെരിനു സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു . ഇതാര് വിശ്വസിക്കും .അല്ലെങ്കില്‍ ആരെ വിശ്വസിപ്പിക്കാനാണ് .രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയെ ഭരണകൂടം എങ്ങനെ തരപ്പെടുത്തി എടുക്കുന്നു എന്നതിന് ഒരു പ്രത്യക്ഷ ഉദാഹരണം . സി ബി ഐ യുടെ വിശ്വാസ്യത ഇത്ര അപഹാസ്യ മായ രീതിയില്‍ തരം താണ് പോയ നിമിഷങ്ങള്‍ ചരിത്രത്തില്‍ വേറെ അധികം ഉണ്ടാകില്ല .
ഈ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ശാപം കൊണ്ഗ്രെസ്സിന്റെ തലയില്‍ ഇടിത്തീ പോലെ പതിക്കുമെന്നത് തീര്‍ച്ചയാണ് .
സദാചാരം പ്രസംഗിക്കുന്ന കൊണ്ഗ്രെസ്സുകാര്‍ക്ക് എന്ത് മറുപടി പറയാനുണ്ട് .മാനിപുലെഷനില്‍ മാത്രം അഭിരമിക്കുന്ന കോണ്‍ഗ്രസ് എത്രനാള്‍ ഇരുട്ട് കൊണ്ടു ഓട്ടഅടയ്ക്കും . തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു .

Wednesday, April 1, 2009

അമീര്‍ -ഒരു ദൃശ്യാനുഭവം

യാദര്‍ഛികമായി ഉണ്ടാകുന്ന ചില കണ്ടു മുട്ടലുകള്‍ സുദീര്‍ഘമായ സുഹൃത്ത് ബന്ധങ്ങള്‍ ആയി തീരാറുണ്ട് . അതുപോലെ ഒരു മുന്നൊരുക്കവും കൂടാതെ നമ്മള്‍ തിരങ്ങെടുക്കുന്ന ചില പുസ്തകങ്ങള്‍ ,സിനിമകള്‍ നമ്മുടെ മനസ്സിനെ ഗാഢമായി പുല്കാറുണ്ട് . അങ്ങനെ ഉള്ള ഒരു കണ്ടുമുട്ടലിനെ പറ്റിയാണ് പറയുന്നത് .
ഒരു വീഡിയോ കടയില്‍ നിന്നും കയ്യില്‍ വന്നു പെട്ട ഒരു സിനിമ ആണ് അമീര്‍ .നായകന്റെ വേഷം അവതരിപ്പിക്കുന്നത് ഒരു പുതു മുഖം ആണെന്ന് മനസ്സിലായപ്പോള്‍ സന്തോഷം തോന്നി . സ്ഥിരം ഹിന്ദി സിനിമകളുടെ ജാടകള്‍ ഒന്നും കാണില്ലല്ലോ എന്ന് മനസ്സു പറഞ്ഞു .എന്നാലും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല .ഏറ്റവും ആകര്‍ഷിച്ചത് സിനിമക്ക് നല്കിയ നിര്‍വചനം ആണ് - "നമ്മുടെ വിധി നിര്‍ണയിക്കുന്നത് നാം തന്നെ ആണെന്ന് ആര്‍ പറഞ്ഞു ?".
ആദ്യത്തെ ഷോട്ട് തന്നെ മനസ്സില്‍ ഉടക്കി . ദീര്‍ഘ നാളത്തെ വിദേശ വാസത്തിനു ശേഷം നാട്ടില്‍ വന്ന ഒരു എന്‍ ആര്‍ഐ യെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ .കാരണം മറ്റൊന്നുമല്ല .അയാള്‍ ഒരു മുസ്ലിം ആണ് .ഒരു വിധം പുറത്തു കടക്കുന്ന അയാളെ കാത്തിരിക്കുന്നത് അതിലും വലിയ അത്ഭുതങ്ങളാണ് .വീട്ടില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കുന്നില്ല .പൊടുന്നനെ ഹെല്‍മെറ്റ്‌ വെച്ച രണ്ടു യുവാക്കള്‍ ഒരു സെല്‍ ഫോണ്‍ ഇയാള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു . ഫോണ്‍ റിങ്ങ് ചെയ്യുന്നു .മറ്റേ തലക്കല്‍ നിന്നും ഒരു അപരിചിത ശബ്ദം പറയുന്നു ,അമീറിന്റെ കുടുംബത്തെ അയാള്‍ ഹോസ്ടാജ് ആക്കിയിരിക്കയാണെന്ന് ,ഇനിയും അയാള്‍ പറയുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തെ മോചിപ്പിക്കാംഎന്നും . ഉദ്വേഗം നിറഞ്ഞ നിമിഷങ്ങലാളിനി. ഒരു തീവ്രവാദി സംഘത്തിന്റെ തലവനാണ് മറ്റേ ആള്‍ എന്ന് അമീറിന് മനസ്സിലാകുന്നു . പഴയ മുംബൈയുടെ ഗള്ളി കളിളുടെയും ചെരികളിലുടെയും അയാളുടെ നിര്‍ദേശ പ്രകാരം അമീര്‍ യാത്ര ചെയ്യുന്നു .കഥ നീട്ടി പറയുന്നില്ല .ഒടുവില്‍ തീവ്ര വാദിയുടെ നിര്‍ദേശ പ്രകാരം ബസ്സില്‍ ബോംബ് നിറച്ച ഒരു ചുവന്ന പെട്ടി വയ്ക്കാന്‍ അമീര്‍ നിര്‍ബന്ധിതതന്‍ ആകുന്നു .പക്ഷെ അവസാന നിമിഷം ബസ്സില്‍ നിന്നും പെട്ടിയെടുത്ത്‌ മാറ്റി തന്റെ മാറോടു ചേര്‍ത്ത് ,ബോംബിനോടൊപ്പം കത്തി അമരുന്നു .തന്റെ ഒരാളുടെ ജീവനേക്കാളും മറ്റു നൂറു കണക്കിന് ആളുകളുടെ ജീവനാണ് കൂടുതല്‍ വില എന്ന തിരിച്ചറിവില്‍ അമീര്‍ എത്തുന്നു .ഇതാണ് കഥ സാരം .

രാജീവ് ഖണ്ടെല്വാല്‍ ആണ് നായകനായ ഡോക്ടര്‍ അമീര്‍ അലി യെ അവതരിപ്പിക്കുന്നത് .വാസ്തവത്തില്‍ ഒരു ദുരന്ത നായകന്റെ എല്ലാ വിഹ്വലകളും ഈ നടന്‍ നമ്മിലേക്ക്‌ പകരുന്നത് ചില നോട്ടങ്ങളും മറ്റും കൊണ്ടാണ് .വളരെ അയത്ന ലളിത മായ അഭിനയം .ഓരോ ഷോട്ടും നാം അനുഭവിക്കയാണ് . ഒരു ത്രില്ലര്‍ എന്ന് വേണമെങ്കില്‍ വിശേപ്പിക്കാവുന്ന ഈ ചിത്രം നമ്മെ മനുഷ്യന്റെ നിസ്സഹായതയെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു .സംഗീതത്തെ എങ്ങനെ സമര്‍ഥമായി ഉപയോഗിക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു .രാജകുമാര്‍ ഗുപ്തയുടെ സംവിധാനം വളരെ മിതത്വം പാലിക്കുന്നു .ഒരു കല്ല്‌ കടിയും നമു‌ക്ക് അനുഭവപ്പെടുന്നില്ല . രണ്ടോ മൂന്നോ ആവര്‍ത്തി ഈ ചിത്രം കണ്ടാലും നമുക്ക് വിരസത അനുഭവപ്പെടുന്നില്ല . ഹിംസയുടെ പ്രതീകമായ ആ ചുന്ന പെട്ടി കുറച്ചു നാള്‍ എങ്കിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും .

About Me

My photo
a simple man with no pretentions.
Powered By Blogger