Friday, March 27, 2009

ഇങ്ങനെയും ജീവിക്കുന്നവര്‍ !!!!!!

ഉപഭോക്തൃ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും കുതറി മാറാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടെരിക്കുന്ന ഒരു പറ്റം ആളുകളെ ഫ്രീജന്‍സ് എന്ന് വിളിക്കാം .ഒരു ബദല്‍ ജീവിത ശൈലി കരുപ്പിടിപ്പിക്കാന്‍ ഉള്ള ശ്രമം നടത്തുക്കയാണിവര്‍ . എന്ത് കുടില തന്ത്രങ്ങള്‍ ഉപയോഗിച്ചും ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശം വച്ച് ഉല്‍പ്പാദനം നടത്തുന്ന കോര്‍പ്പറേറ്റ് കളെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം .

പ്രതി സംസ്കാരമെന്നോ ,ബദല്‍ ജീവിത രീതി എന്നോ വിശേഷിപ്പിക്കാവുന്ന ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങള്‍ എന്താണെന്ന് പരിശോധിക്കാം . മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും പണാധി പത്യത്തെയും ചെറുത്തു തോല്പ്പിക്കലാണ് ഇവരുടെ ലക്‌ഷ്യം . വാങ്ങല്‍ എന്ന പ്രക്രിയ തന്നെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു . പണം സമ്പാദിക്കാന്‍ വേണ്ടി ഇവര്‍ ജോലി ചെയു‌ന്നില്ല .ജീവിക്കുന്നത് തന്നെ പണമുണ്ടാക്കാന്‍ വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഈ കാലത്ത് ഇവര്‍ ആ വഴി മാറി നടക്കുന്നു .

അസാന്മാര്‍ഗിക മാര്‍ഗങ്ങളിലുടെ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് കളെ ഒഴിവാക്കി ചിന്തിച്ചു തുടങ്ങിയ ഇവര്‍ കാലക്രെമേണ തിരിച്ചറിവിന്റെ പാതയില്‍ എത്തുന്നു .എല്ലാ മൂലധന വ്യവസ്ഥയുടെയും ലക്ഷ്യം കൂടുതല്‍ ലാഭം തന്നെ എന്ന് .
ഫ്രീ എന്നും വെഗാന്‍ എന്നും രണ്ടു വാക്കുകള്‍ കൂടി ചേരുന്നതാണ് ഫ്രീഗന്‍ . മൃഗങ്ങളില്‍ നിന്നും ഉള്ള ഉല്‍പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു .ഇവര്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഉണ്ടാകാം ."അര്‍ബന്‍ ഫോരിങിന്ഗ് " എന്നാണ് ഇവരുടെ ഭക്ഷണ സമ്പാദന രീതിയെ ക്കുറിച്ച് പറയുന്നത് .പക്ഷി മൃഗാദികള്‍ എങ്ങനെ ഭക്ഷണം തേടുന്നുവോ ആ രീതി തന്നെ .ഭക്ഷണ ശാലകളില്‍ നിന്നും മറ്റും ഉപേക്ഷിക്കുന്ന കേടുവരാത്ത വിഭവങ്ങളില്‍ ഇവര്‍ അഭയം കണ്ടെത്തുന്നു .താമസിക്കുന്നതോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ അല്ലെങ്കില്‍ പുറമ്പോക്കുകളില്‍ . ഭിക്ഷക്കാരും അങ്ങനെ ആണല്ലോ എന്ന് ചോദിക്കാം .ഭിക്ഷക്കാര്‍ നിവൃതികേടുകൊണ്ടും ഇവര്‍ സ്വയം തിരഞ്ഞെടുത്തതും .വ്യത്യാസം അതാണ്‌ .അമേരിക്കയിലും യുറോപ്പിലും ഈ പ്രസ്ഥാനം വ്യാപിച്ചു കഴിഞ്ഞു .മുതലാളിത്തത്തിന്റെ ഭീകരത അവര്‍ അത്ര മാത്രം അവര്‍ അനുഭവിച്ചു കഴിഞ്ഞു . പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഒരു പോരാട്ടമായി ഇതിനെ വിശേഷിപ്പിക്കാം .മനുഷ്യന്‍ പ്രകൃതിയെ അത്ര മാത്രം ചൂഷണം ചെയ്തു കഴിഞല്ലോ .ഫോസ്സില്‍ ഫുവലിന്റെ ഉപഭോഗം പരമാവധി കുറക്കാന്‍ ഇവര്‍ പല ശ്രമങ്ങളും നടത്താറുണ്ട്‌ .പരസ്യത്തിന്റെ മായിക വലയത്തില്‍ വീണു പലപ്പോഴും അത്യാവശ്യമില്ലാത്ത പലതും നാം വാങ്ങി കൂട്ടാറുണ്ട്. ചിന്തിക്കുക , നഷ്ടം ആര്‍ക്കു ?
അണ്ണാറ ക്കണ്ണനും തന്നാലായത് .

Tuesday, March 24, 2009

ദേശീയ ഗാനവും തരൂരും

ദേശീയ ഗാനാലാപന വേളയില്‍ അതിനെ അവമതിക്കുന്ന രീതിയില്‍ പെരുമാറിയതിന് ശശി തരൂരിന് കോടതി സമന്‍സ് അയച്ചു .മു‌ന്നു സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് .ഇതും തെരഞ്ഞെടുപ്പും ആയി എന്ത് ബന്ധം എന്ന് ചോദിക്കുന്നവരുണ്ടാകാം .ഒന്നേ പറയാനുള്ളൂ .ദേശീയ ഗാനം ,ദേശീയ പതാക മുതലായവ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ ,രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളാണ് . ഈ പ്രതീകങ്ങളെ ആര് അവമാനിച്ചാലും അവര്‍ക്ക് വേദന ഉണ്ടാകും .
ഓരോ രാജ്യവും അവരുടെ ദേശീയ ഗാനത്തെ ആദരിക്കുന്നത് അവരവരുടെ പ്രത്യേക രീതിയില്‍ ആയിരിക്കും .അമേരിക്കക്കാരന്‍ ചെയ്യുന്നത് പോലെ നാമും ചെയ്യണം എന്ന് പറയുന്നത് രാജ്യത്തോട് കൂറ് ഇല്ലാത്തത് കൊണ്ടല്ലേ .
മുമ്പും ഉന്നയിച്ച ഒരു സംശയം ആവര്‍ത്തിക്കുന്നു .ഈ "ലോക പൌരന്റെ" കൂറ് ആരോടാണ് . നമ്മോടോ അതോ അമേരിക്കയോടോ . അദ്ദേഹത്തിന് തിരഞ്ഞെടുപ്പിന് മല്‍സരിക്കാന്‍ പോലും അര്‍ഹത ഉണ്ടോ എന്ന് സംശയിക്കുന്നു .വാക്കിലും പ്രവൃത്തിയിലും അമേരിക്കന്‍ വിധേയത്വം വച്ചു പുലര്‍ത്തുന്ന ഈ മഹാന്‍ എങ്ങനെ കേരളത്തിലെ ഒരു മണ്ഡലത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളും .
ജനകീയ ചെറുത്തു നില്‍പ്പുകളോട് ഇദ്ദേഹത്തിനു പണ്ടേ പുഛമാണ്. ജനകീയ കോടതിയിലും നീതിന്യായ കോടതിയിലും ഇദ്ദേഹത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടും .

Sunday, March 22, 2009

കോള രാഷ്ട്രീയം .

അവസാനം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി . മൂന്നു സിറ്റിംഗ് എം എല്‍ എ മാരും പട്ടികയില്‍ സ്ഥാനം നേടി . ചെറുപ്പക്കാരെയും വനിതകളെയും വേണ്ടവിധം പരിഗണിച്ചില്ല എന്ന് പരക്കെ പരാതി . കൂട്ടത്തില്‍ മുകളില്‍ നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളും .
രാഹുല്‍ഗാന്ധിയുടെ ഹൈ ടെക് ഉപദേശ സമതിയിലെ അംഗമായ ശശി തരൂര്‍ സ്ഥാനാര്‍ഥി ആയതില്‍ ആരും അത്ഭുതപ്പെടെണ്ട കാര്യമില്ല . ഇതില്‍ രാഹുല്‍ ഗാന്ധിയുടെ താല്പര്യം മാത്രമേ ഉള്ളോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു . അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യവും ഇതിലുണ്ട്‌ എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പ്രയാസമാകും .തരൂര്‍ ഇപ്പോള്‍ ഒരു കോള കമ്പനിയുടെ ഉപദേഷ്ടാവ് കൂടിയാണ് .ഈ കോള കമ്പനിക്ക് എതിരെ ഇപ്പോളും പ്ലാച്ചിമടയില്‍ സമരം നടന്നു കൊണ്ടിരിക്കയാണല്ലോ .ഈ കമ്പനി പ്ലാച്ചിമടയില്‍ ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും നടത്തി എന്നതാണല്ലോ സമരത്തിന്‌ ആധാരമായ കാര്യം . ഈയിടെ കോള കമ്പനിയുടെ പ്രവൃത്തികളെ ന്യായികരിച്ചുകൊണ്ടു തരൂര്‍ ഒരു പത്ര പ്രസ്താവന ഇറക്കിയത് മിക്കവാറും എല്ലാവരും കണ്ടു കാണും . അപ്പോള്‍ തരൂരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമല്ലേ .കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു വ്യക്തിയെ , എത്ര വലിയവന്‍ ആണെങ്കിലും, അംഗീകരിക്കുന്നത് ആത്മഹത്യാപരമല്ലേ . പ്ലാച്ചിമട സമര നായിക മയിലമ്മയുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമായി നമുക്കു ഈ അവസരം ഉപയോഗിച്ചു കൂടെ .
ഇന്ന് ലോക ജല ദിനം .

Thursday, March 19, 2009

ദ ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ് !!!!!

ഈ പിള്ളേര്‍ക്കൊക്കെ എന്ത് പറ്റി. നില്‍ക്കാന്‍ ഒരു തറയും മുമ്പില്‍ കുറച്ചു ആളുകളും ഉണ്ടെങ്കില്‍ എന്തും പറയാം എന്ന അവസ്ഥ ആയി .വരുണ്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തെ പ്പറ്റിയാണ് പറയുന്നത് . അക്രമത്തിന് ആളുകളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ പ്രസംഗിക്കുക. വെട്ടില്‍ വീണപ്പോള്‍ താന്‍ അങ്ങനെ അല്ല പറഞ്ഞത് എന്ന് പറയുക . കാവി പാര്‍ട്ടിക്ക് ഒരു നെഹ്‌റു കുടുംബാംഗത്തെ കൂടാതെ കഴിയില്ലല്ലോ .അപ്പുറത്തും ഇതു പോലൊരു സാധനം ഉണ്ടല്ലോ . നമ്മുടെ രാഷ്ട്രീയ പാര്‍ടികളുടെ അവസ്ഥ എത്ര പരിതാപകരം . നയങ്ങളുടെ കാര്യത്തില്‍ രണ്ടു പാര്‍ട്ടി കളും തമ്മില്‍ വലിയ അന്തരം ഇല്ലെന്നിരിക്കെ ചില പൊടികൈകള്‍ പ്രയോഗിച്ചല്ലേ പറ്റു . ഏതായാലും തെരഞ്ഞെടുപ്പ് കമ്മിഷന് പണിയായി .
മത പ്രീണനത്തില്‍ രണ്ടു കക്ഷികളും മോശമല്ല്ലോ .ഒരാള്‍ ഭൂരിപക്ഷ വര്‍ഗിയതെയും മറ്റെയാള്‍ ന്യൂനപക്ഷ വര്ഗീയതേയുമ് പ്രോല്‍സാഹിപ്പിക്കുന്നു അത്ര മാത്രം .
പിന്നെ മു‌ന്നാം മുന്നണി എന്ന പരീക്ഷണം .ഫലത്തില്‍ എത്തുമെന്ന് ബസു വിനു പോലും വിശ്വാസമില്ല .പണ്ട് കയ്യില്‍ കിട്ടിയ അവസരം നഷ്ട പ്പെട്ടത്തിന്റെ അരിശമാവാം. ബെഹന്ജിയും പുരൈചിതലവിയും തമ്മിലുള്ള ഫ്രീ സ്റ്റൈല്‍ ഗുസ്തി ഇനി കാണാന്‍ കിടക്കുന്നതെ ഉള്ളു . ഗൌടാജി പകുതി ഉറക്കത്തില്‍ പറയുന്ന കാര്യങ്ങള്‍ ആര് വിശ്വസിക്കും .ഏതായാലും വരുന്ന രണ്ടു മാസം കൊണ്ട് നമ്മുടെ നാട്ടിലെ സാമ്പത്തിക മാന്ദ്യം മാറിക്കിട്ടുമെന്ന് പ്രതീക്ഷിക്കാം .പതിനായിരം കോടി ഉറുപ്പിക അല്ലെ കളത്തില്‍ ഇറങ്ങാന്‍ പോകുന്നത് .
സാരെ ജഹാംസെ അച്ഛാ
ഹിന്ദു സിത ഹമാര .

Tuesday, March 17, 2009

മാത്യു ടി യെ എന്തിന് ബലി കൊടുത്തു !!!!!

മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി ആയിരുന്ന മാത്യു ടി യെ രാജിവെപ്പിച്ചു ജനതാദള്‍ എന്ത് നേടാന്‍ പോകുന്നു എന്ന് മനസ്സിലാകുന്നില്ല .ദളിലെ ചില എം എല്‍ എ മാര്‍ക്ക് ഈ സ്ഥാനം കിട്ടാന്‍ പണ്ടേ മോഹമുണ്ടായിരുന്നു എന്ന കാര്യം പരസ്യമായ രഹസ്യം ആയിരിന്നു .അവസരം കിട്ടിയപ്പോള്‍ പാര വച്ചു അത്ര മാത്രം .അല്ലാതെ ഇതിനു വേറെ പരിവേഷം ഒന്നും നല്‍കേണ്ടകാര്യമില്ല . സ്വന്തം നാടായ വയനാട് നിന്നു മല്‍സരിക്കാന്‍ വീരന് എന്താണിത്ര പേടി . ഉറപ്പുള്ള സീറ്റിലെ അദ്ദേഹം മത്സരിക്കു എന്ന് തോന്നുന്നു .
ബസ്സ് ചാര്‍ജ് കുറക്കാന്‍ സന്നദ്ധത കാണിക്കയും അത് നടപ്പിലാക്കുകയും ചെയ്ത മന്ത്രി എന്ന നിലയില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു .മന്ത്രി ആയിട്ടും എം എല്‍ എ എന്ന നിലയിലുള്ള തന്‍റെ കടമകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . മണ്ഡലത്തില്‍ അദ്ദേഹം ഒരു സജീവ സാന്നിധ്യം ആയിരുന്നു .നേരിട്ടു അറിവുള്ള കാര്യമായതിനാലാണ് ഇതു പറയുന്നതു .ഒരു മാതൃകാ ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരികയും ചെയ്തു .
കേരളത്തിന് ഒരു നല്ല മന്ത്രിയെ നഷ്ടപ്പെട്ടു എന്ന ഖേദം അടക്കാന്‍ കഴിയുന്നില്ല .

Monday, March 16, 2009

തിരുമേനിമാര്‍ എന്തിന് സി പി എമ്മിനെ പേടിക്കുന്നു???

അഭിവന്ദ്യ തിരുമേനിമാര്‍ സി പി എമ്മിനെതിരെ ഇടയലേഖനങ്ങള്‍ പടച്ചു വിടുന്ന തിരക്കിലാണല്ലോ. തിരുമേനിമാരെ പ്രകോപിതരാക്കാന്‍ സി പി എം എന്ത് ചെയ്തു . വിശ്വാസികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രധാന ആരോപണം . അത്ര ഉറപ്പില്ലാത്ത നിലത്താണോ വിശ്വാസം നിലകൊള്ളുന്നത് . ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാന്‍ സി പി എമ്മിന് ബാധ്യത ഉണ്ട് . ഒരു അര്‍ദ്ധവതായ സംവാദം നടത്താന്‍ പോലും മത മേധാവികള്‍ ഒരുക്കമല്ല . തങ്ങളുടെ സാമ്രാജ്യം തകര്ന്നുപോകുമോ എന്ന ഭയം.
. ആത്മീയ കാര്യങ്ങളെ ക്കാള്‍ ഭൌതിക കാര്യങ്ങളില്‍ ഇടപെടാനാണ്‌ കുടുതല്‍ താല്പര്യം എന്ന് ആര്‍കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ങിട്ടു കാര്യമില്ല .

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പള്ളികള്‍ തീവച്ചു നശിപ്പിക്കപ്പെട്ടപ്പോലും ,കന്യാസ്ത്രീകളെ മാനഭംഗ പ്പെടുത്തിയപ്പോഴും അവിടെ ആദ്യം ഓടി എത്തിയത് ആരാണ് .മറ്റാരുമല്ല സി പി എം തന്നെ . കേരളത്തില്‍ തന്നെ വൈക്കത്ത് സെമിത്തേരി പൊളിക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണ് . തിരുമേനിമാര്‍ മണിമാളികകളില്‍ സ്വസ്ഥമായി കിടന്നു ഉറങ്ങുന്നതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്ന് കൊണ്ട് മാത്ര മാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലേ .അതിനു കഴിയണം ,അല്പമെങ്കിലും സത്യസന്ധത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍.

കോണ്‍ഗ്രസിന്റെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി കളെ നിശ്ചയിക്കുന്നത്‌ പോലും തിരുമേനി മാരാണെന്ന് തോന്നും കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ .തിരുമേനിമാരുടെ മൂട് താങ്ങികളായ ചില കോണ്‍ഗ്രസ് നേതാക്കളാണ് അതിനു കാരണക്കാര്‍ . താല്‍ക്കാലിക ലാഭത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുറെ ചെറ്റ രാഷ്ട്രിയ ക്കാരാണ് ഈ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കും .

കുഞ്ഞാടുകള്‍ പഴയത് പോലെ ഇടയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്ന സത്യം തിരുമേനിമാരെ അലട്ടുന്നുണ്ട് . അതാണല്ലോ ഇടയ ലേഖനങ്ങളുടെ ഈ മലവെള്ളപ്പാച്ചില്‍ . പ്രാര്‍ഥന മനസ്സിന് ശാന്തി നല്‍കാന്‍ ആണെന്നെന്നാണ് ധരിച്ചിരുന്നത് . പക്ഷെ ഈ പ്രതിഷേധ പ്രാര്‍ഥന .
സീസറിന് ഉള്ളത് സീസറിനും ദൈവത്തിനു ഉള്ളത് ദൈവത്തിനും ,പോരെ .

Saturday, March 14, 2009

ഗല്ലിവര്‍ ഇന്‍ ലില്ലിപെട് !!!!

എന്റെ അമ്മോ . തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണല്ലോ. പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം ഇത് വരെ എങ്ങും എത്തിയില്ല .മൂന്നാം അതാണിക്കുള്ള തിരച്ചില്‍ തുടരുന്നു . പാവം ഒരു കോളേജു വാദ്ധ്യാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി സ്ഥാനാര്‍ഥി ആകാന്‍ പറയുന്നു .അത് കേട്ട് വിശ്വസിച്ചു അതിയാന്‍ ഗോദായില്‍ ഏറന്ങന്നു .ഇപ്പം വല്ല്യേട്ടനും വേണ്ട കുഞ്ഞേട്ടനും വേണ്ട . ഇനി ഇസ്ലാമിക ചരിത്ര പണ്ഡിതന്‍ എന്തോ ചെയ്യും . ഇപ്പോ കമലിന്റെ പുറകെ ആണെന്ന് കേള്‍ക്കുന്നു .ഒരു പുതിയ തിരക്കഥയുടെ പണിപ്പുരയില്‍ ആണ് അദ്ദേഹം .കമലിന്റെ കഞ്ഞി കുടി മുട്ടിച്ചേ അടങ്ങു എന്ന് തോന്നുന്നു . വീരന് ആശ്വാസമായി കോഴിക്കോട് കിട്ടുമെന്ന് തോന്നുന്നു .
അറുപത്തി അഞ്ചു പേരുടെ ലിസ്റ്റുമായി കുന്ഞ്‌ുഞ്ഞും ചെന്നിത്തലയും ദില്ലിക്ക് പറന്നു .പുറകെ ഭൈമി കാമുകരും . ദില്ലിയില്‍ ഇപ്പോ ലോഡ്ജില്‍ മുറികിട്ടാന്‍ വളരെ പ്രയാസം ആണത്രേ .
വടക്കനും ,തരു‌രിനും സീറ്റ് ഇല്ല എന്ന് കേള്‍ക്കുന്നു .വടക്കെന്റെ ഹൃദയ ഭേദകമായ ഒരു പ്രസ്താവന ഉണ്ടായിരുന്നു .തൃശ്ശൂരിലെ സമസ്ത ജാതി കളും തന്നോട് മത്സരിക്കണമെന്ന് ആവശ്യ പ്പെട്ടെന്നു വടക്കന്‍ .
തൃശ്ശൂരിനെ രക്ഷിക്കാന്‍ വടക്കന്‍ തന്നെ വേണമെന്ന് അഴിക്കോടും ,യൂത്ത് കോണ്‍ഗ്രസ് നേതാവും ഒഴിച്ച് മറ്റെല്ലാവര്‍ക്കും തോന്നിയത് വടക്കന്റെ കുറ്റമാണോ ? അവിടുത്തു കാര്‍ക്ക് ഭാഗ്യം ഇല്ലാതായി . മാഡം ചിലപ്പോള്‍ ഇടപെട്ടേക്കും . പെപ്സി യുടെ വ്യക്താവിനു എന്ത് പറ്റിയോ ആവോ . ഏതായാലുമ് പതിനാറു വരെ ഹൈ കമാന്‍ഡ് ലിസ്ടിനു മുകളില്‍ അടയിരിക്കാന്‍ തീരുമാനം ആയി .
മു‌ന്നാം മുന്നണി ശൂന്യാകാശത്തിലേക്ക് വിക്ഷേപിക്കപ്പെട്ടു .പേടകത്തിന്റെ ചില ഭാഗങ്ങള്‍ക്ക് തകരാകുകള്‍ ഉണ്ടെന്നു വിക്ഷേപക കേന്ദ്രത്തില്‍ നിന്നും അറിയുന്നു . കണ്ണും കാതും സദാ ജാഗരൂകമായി വയ്ക്കുക .

About Me

My photo
a simple man with no pretentions.
Powered By Blogger