Saturday, May 9, 2009

അക്ഷമനായ മനുഷ്യന്‍ ..

ഒരു പരസ്യ ചിത്രത്തിലെ ഈ തല വാചകം ശ്രദ്ധിക്കുക -impatient is the new life .പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാമെങ്കിലും അങ്ങനെ ആണോ ? അക്ഷമയാണ് പുതിയ തലമുറയുടെ മുഖ മുദ്ര എന്നല്ലേ പറഞ്ഞു വയ്ക്കുന്നത് . ക്ഷമയോടെ ജീവിക്കുന്നവന്‍ ഈ കാലഘട്ടത്തിനു യോജിച്ചവനല്ല എന്നും വായിക്കാം . ശരിയാണ് .ഒരു തിരക്കുമില്ലാത്തവനും നിരത്ത് കുറുകെ കടക്കാന്‍ ഒരു മിനിട്ട് വൈകിയാല്‍ അക്ഷമയായി ,ദേഷ്യമായി, കുറ്റപ്പെടുത്തല്‍ ആയി . എല്ലാര്‍ക്കും തിരക്കോട് തിരക്ക് .ഓഫീസില്‍ പോകുന്ന കാലത്ത് ഉള്ള ഒരു സുഹൃത്തിന്റെ രസകരമായ സ്വഭാവ വിശേഷം പറയാം .അദ്ദേഹം വരുന്നതിനു മുമ്പു ട്രെയിന്‍ വന്നാല്‍ ദേഷ്യമായി .അതേപോലെ അദ്ദേഹം വന്നതിനു ശേഷം അഞ്ചു മിനിട്ട് ട്രെയിന്‍ വൈകിയാല്‍ വീണ്ടും ദേഷ്യം . അദ്ദേഹം ഒരിക്കലും ട്രെയിനിന്റെ സമയത്ത് വരാറുമില്ല . ഇങ്ങനെ അല്ലെ നാമെല്ലാവരും .ലോകം നമ്മള്‍ വിചാരിക്കുന്ന പോലെ നീങ്ങി കൊള്ളണം .അല്ലെങ്കില്‍ പരിഭവമായി ,പരാതിയായി . ആവലാതികള്‍ കേള്‍ക്കാതെ ,പറയാതെ ഒരു ദിവസവും കടന്നു പോകാറില്ല .
ശ്രീ രജനീഷ് പറഞ്ഞത് പോലെ "ഒരു പട്ടിയുടെ കുര നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതിന് കാരണം പട്ടിയല്ല മറിച്ചു പട്ടി കുരക്കുന്നതു നിങ്ങളെ അലോസരപ്പെടുത്താന്‍ ആണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ."
ഈ അക്ഷമ നമ്മളെ രോഗികള്‍ ആക്കി അത്ര മാത്രം .

Tuesday, May 5, 2009

zoozoos.

ഓവറുകള്‍ക്കിടയിലുള്ള പരസ്യങ്ങള്‍ മിക്കപ്പോഴും രസം കൊല്ലിയായി മാറാറുണ്ട് . പക്ഷെ വോഡഫോണിന്റെ പുതിയ പരസ്യ പരമ്പര ഈ ചെറിയ ഇടവേളകള്‍ രസകരമാക്കുന്നു . സൂ സൂ എന്ന പേരിലറിയപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനം കവര്‍ന്നു കഴിഞ്ഞു . ബോളിവുഡ് താരങ്ങളുടെ മോന്ത കണ്ടു മടുത്ത ജനത്തിന് ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ . മൊട്ട തലയന്മാരും തലച്ചികളും ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചകള്‍ അതീവ രസകരമാണ് . animated കഥാപാത്രങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തില്‍ മേക്കപ്പ്‌ അണിഞ്ഞ സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് . കോഴിമുട്ട പോലുള്ള തലയും ഉണക്ക കമ്പ്‌ പോലുള്ള കൈയുംകാലും ഉള്ള ഇവര്‍ സൃഷ്ടിക്കുന്ന നര്‍മ മുഹൂര്തങ്ങള്‍ നിരവധി ആണ് . സ്റ്റോക്ക്‌ അലെര്ട്സിനെ സൂചിപ്പിക്കുന്ന പരസ്യമാണ് ഏറ്റവും രസകരമായി തോന്നിയത് . മറ്റുള്ളവ മോശമാണെന്നല്ല . ഇന്ത്യയിലെ തന്നെ ഒരു പരസ്യ ഏജന്‍സി ആണ് ഈ commercial നിര്‍മിച്ചിരിക്കുന്നത് . അനുദിനം ഫാന്‍സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ് . zoozzoos പുതിയ പുതിയ രൂപത്തില്‍ ദിവസവും നമ്മുടെ മുന്നില്‍ എത്തട്ടെ .

Thursday, April 30, 2009

Bt വഴുതനങ്ങ ?

അടുത്ത പ്രാവശ്യം നിങ്ങള്‍ വഴുതനങ്ങ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുമ്പോള്‍ സൂക്ഷിക്കുക .നിങ്ങള്‍ ഉപയോഗിക്കുന്ന വഴുതനങ്ങ ജനിതക മാറ്റങ്ങള്‍ വരുത്തിയതാവാം .അസാധാരണ വലിപ്പമോ നിറമോ ഉള്ള പച്ചക്കറികള്‍ ഈ കൂട്ടത്തില്‍ പെട്ടതാവാം .അമിതമായ കീടനാശിനികളുടെ പ്രയോഗം മൂലം ഇപ്പോള്‍ തന്നെ എല്ലാ ഭക്ഷ്യ വസ്തുക്കളും വിഷലിപ്തമായി കഴിഞ്ഞിരിക്കയാണ് . ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും മറ്റും ഇതുവരെ കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഉണ്ടാക്കാന്‍ വഴി വയ്ക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു . സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജനിതക മാറ്റം വരുത്തിയ പച്ചക്കറികളുടെ കൃഷി തല്ക്കാലം നിര്‍ത്തി വച്ചിക്കയാണെങ്കിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത് .ഈ കുടില തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ Monsanto എന്ന അമേരിക്കന്‍ കമ്പനി ആണ് .അമേരിക്കയില്‍ ,ജൈവ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്കെതിരെ നിയമ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടിരക്കയാണ് ഈ കമ്പനി .മെക്സിക്കോ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഈ കമ്പനിയെ പടിക്ക് പുറത്തു നിര്‍ത്തിയിരക്കയാണ് . പക്ഷെ ഇന്ത്യന്‍ ഭരണകൂടം ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കയാണെന്നും മനസ്സിലാക്കണം .ഭക്ഷ്യ ക്ഷാമം തീര്‍ക്കാന്‍ ഇതല്ലാതെ വേറെ പോംവഴി ഇല്ല എന്നാണു ഇവരുടെ വാദം . പക്ഷെ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്ന ആഫ്രികന്‍ രാജ്യങ്ങള്‍ പോലും ഈ കമ്പനിയെ സ്വീകരിക്കുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ് .
പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ നാട്ടിലെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വിതരണവും അവരുടെ കൈപ്പിടിയില്‍ ആക്കുക എന്നതാണ് ലക്‌ഷ്യം .മറ്റു നാടുകള്‍ ഈ വിപത്ത് മനസ്സിലാക്കി ,പക്ഷെ നമ്മളോ .ഇവിടെ ആണ് ജനകീയ പ്രതിരോധങ്ങളുടെ പ്രസക്തി ഏറുന്നത് .വിപണിയില്‍ Bt ഉത്പന്നങ്ങള്‍ അല്ലാതെ മറ്റൊന്നും കിട്ടാത്ത അവസ്ഥ ഉണ്ടായിക്കൂടാ .കേരളത്തിലെ ഭരണകൂടവും ഗേറ്റ്സ് ഫൌണ്ടേഷന്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജനിതക മാറ്റം വരുത്തിയ നെല്‍വിത്തുകള്‍ വികസിപ്പിക്കാന്‍ ആലോചിക്കുന്നു എന്ന് പത്ര വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. തലതിരിഞ്ഞ വികസന സ്വപ്നങ്ങളുമായി നടക്കുന്ന ഈ വര്‍ഗങ്ങളെ നേര്‍ വഴിക്ക് നടത്താന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ക്കെ കഴിയു .വരും തലമുറയെ നാശത്തിലേക്ക് തള്ളിവിടാന്‍ നമുക്ക് ആരും അധികാരം തന്നിട്ടില്ല .

Tuesday, April 28, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌ അഥവാ മീഡിയ ഫയര്‍വാള്‍ ?

പ്രശസ്ത മാധ്യമ വിചാര വിദഗ്ധയും കോളം എഴുത്ത് കാരിയും ആയ സെവന്തി നൈനാന്‍ തന്റെ വാരാന്ത്യ കോളത്തില്‍ മാധ്യമ രംഗത്തെ അദൃശ്യ മായ ഒരു പ്രതിഭാസത്തെ വിശകലനം ചെയ്യുന്നു . പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനെ മീഡിയ ഫയര്‍വാള്‍ എന്നാണു വിളിക്കുന്നത് .വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത വാര്‍ത്തകളെ ബോധപൂര്‍വം തമസ്കരിക്കയോ താല്പര്യം ഉള്ളവയ്ക്ക് അമിത പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പ്രവൃത്തി ആണിത് .കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും ഫയര്‍വാള്‍ എന്താണെന്ന് അറിയാമായിരിക്കുമല്ലോ .
നമ്മുടെ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ ഈ പ്രവൃത്തിയില്‍ ഒട്ടും പുറകിലല്ലാ എന്ന് ഉദാഹരണങള്‍ സഹിതം അവര്‍ തെളിയിക്കുന്നു .
നമ്മുടെ ,മലയാളം , മാധ്യമ രംഗം പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും .തിരഞ്ഞെടുപ്പ് കാലത്ത് ഈ ഇടപെടലുകള്‍ കുറച്ചു കൂടി തീഷ്ണമാകുന്നത് നമുക്കു കാണാം . സി പി എം - പി ഡി പി ബാന്ധവത്തിന്റെ പേരില്‍ എത്ര പത്ര താളുകളും മണിക്കൂറുകളും ആണ് ചിലവാക്കിയതെന്നു നമുക്കറിയാം . അതിനേക്കാള്‍ എത്ര വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നു .ഇനി അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണോ ദേശീയ വിഷയങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം നല്കേണ്ടത് . നയപരമായ വിഷയങ്ങളെ ക്കുറിച്ച് എന്തെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം . അപ്പോള്‍ മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു എന്ന് വേണം അനുമാനിക്കാന്‍ .പാര്‍ടി പത്ര - ചാനലുകളെക്കാള്‍ പാര്‍ടി വിധേയത്തം കാണിച്ച മാധ്യമങ്ങളല്ലേ ഇവിടെ കൂടുതല്‍ ഉള്ളത് . ജാതി മത ജിഹ്വകള്‍ക്ക് ഇത്ര അമിത പ്രാധാന്യം ഉണ്ടായ വേറൊരു തിരഞ്ഞെടുപ്പും ഇതിനു മുമ്പ് ഉണ്ടായതായി തോന്നുന്നില്ല .കാര്യങ്ങള്‍ ഈ വഴി തരിച്ചു വിട്ടതിനു പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങള്‍ തന്നെ ആണ് .

Saturday, April 25, 2009

രാവണന്‍ കോട്ട .

പുലി പ്രഭാകരനെ ജീവനോടെ പിടിക്കുകയും ഇന്ത്യക്ക് കൈ മാറുകയും ഒക്കെ ആവാം .പക്ഷെ വീടും കൂടും ഉപേക്ഷിച്ചു കൂട്ടത്തോടെ പലായനം ചെയ്യുന്ന ലക്ഷ ക്കണക്കിന് തമിഴ് വംശജരുടെ നിലനില്‍പ്പ്‌ പോലും അപകടത്തിലാണ് .യു എന്‍ സംഘത്തെ പ്പോലും ഈ മേഘലയിലേക്ക് കടക്കാന്‍ ലങ്കന്‍ ഭരണ കൂടം അനുവദിക്കുന്നില്ല .അഭയാര്‍ഥി ക്യാമ്പില്‍ എത്തി പെട്ടവര്‍ പോലും ആവശ്യത്തിനു ഭക്ഷണവും ,മരുന്നും ,വെള്ളവും കിട്ടാതെ ചത്തൊടുങ്ങുന്നു .2000 ത്തില്‍ അധികം ആളുകള്‍ മരിച്ചു എന്നാണു റെഡ് ക്രോസ്സിന്റെ കണക്ക്‌ . അതില്‍ അധികം ആകാനെ വഴിയുള്ളൂ .ഈ ഹത ഭാഗ്യര്‍ നീതി അര്‍ഹിക്കുന്നില്ലേ .
തമിഴരര്‍ ആണെങ്കിലും ഇവരും ശ്രീലങ്കന്‍ പൌരന്മാരല്ലേ. പല രാജ്യങ്ങളും പറയുന്നതു പോലെ ഇത് ലങ്കയുടെ ആഭ്യന്തര പ്രശ്നം മാത്ര മല്ല . അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ അന്താരാഷ്ട്ര സമുഹത്തിന് കഴിയുമോ . പ്രഭാകരന്‍ ഇവരെ മനുഷ്യ മറയായി ഉപയോഗിച്ചിട്ടുണ്ടാവാം .ലങ്കന്‍ പട്ടാളവും പുലികളും തമ്മിലുള്ള വെടിവെയ്പില്‍ എത്ര നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു കാണും .
ഇന്ത്യാ സര്‍ക്കാര്‍ ഈ പട്ടാള നടപടിക്ക് പച്ചകൊടി കാട്ടിയോ എന്ന സംശയം മനസ്സില്‍ ഉടക്കുന്നു .
രണ്ടു പ്രധിനിധികളെ അങ്ങോട്ട് വിട്ട് ഒരു ചര്‍ച്ച നടത്തി ഒരു പ്രസ്താവനയും നല്കി ഇന്ത്യന്‍ ഭരണകര്താക്കള്‍ക്ക് ഇതില്‍ നിന്നും കൈ കഴുകാന്‍ പറ്റുമോ . കരുണാനിധി കാണിച്ച തറ വേല പോലെ . ഇവിടെ പ്രഭാകരനല്ല പ്രശ്നം .ലക്ഷ ക്കണക്കിന് നിസ്സഹായരായ ,നിരാലംബരായ മനുഷ്യ ജീവികളാണ് .

Thursday, April 23, 2009

ബാപ്പുവിന്റെ നേര്‍ ശിഷ്യന്മാര്‍ .

നമ്മുടെ നാട്ടിലും രാഷ്ട്രീയക്കാരും ക്രിമിനലുകളും ആയുള്ള ബന്ധം കൂടി ക്കൂടി വരികയാണല്ലോ .ഇതൊക്കെ വടക്കെ ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമായി വിശ്വസിക്കാന്‍ നാം ശ്രമിക്കയാണെന്ന് തോന്നുന്നു .പക്ഷെ അങ്ങനെ അല്ല സംഭവിക്കുന്നത് എന്ന് വിചാരിക്കാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട് . തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഗുണ്ടാ സംഘം കണ്ണൂരില്‍ എന്തിനാണ് വന്നതെന്നും ആരുടെ ആവശ്യ പ്രകാരമാണ് വന്നതെന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു .അതില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സുധാകരന്‍ എം എല്‍ അവരെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ നടത്തിയ നാടകങ്ങളും എല്ലാവരും ചാനലുകളില്‍ കണ്ടതാണ് . ഇവരെല്ലാം സുധാകരെന്റെ സുഹൃത്തുക്കളോ ബിസിനെസ്സ് പങ്കാളികളോ ആണെന്നാണ്‌ അദ്ദേഹം പറയുന്നത് . തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ഇവര്‍ കുപ്രസിദ്ധ ഗുണ്ടാകളാണ് എന്നാണ് അറിയുന്നത് . സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശ വാഹകരായ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ പാടുണ്ടോ. കമ്മ്യൂണിസ്റ്റ്കാര്‍ അക്രമം കാണിക്കാന്‍ മടിയില്ലാത്തവരാനെന്നു പണ്ടേ മുദ്ര കുത്തപ്പെട്ടവരാണല്ലോ . അത് പോലെയാണോ ഗാന്ധിജിയുടെ പിന്മുറക്കാരായ കോണ്‍ഗ്രസുകാര്‍ . സദാചാര മൂല്യങ്ങള്‍ രാഷ്ടീയത്തിനോട് വിട പറഞ്ഞിട്ട് നാളുകള്‍ ഒരുപാടായി . ഉമ്മന്‍ ചാണ്ടി എന്തിന് തിരക്ക് പിടിച്ചു കണ്ണൂരേക്ക്‌ പറന്നു .അവിടെ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈ കാര്യം ചെയ്യാന്‍ പോലീസും പട്ടാളവും ധാരാളം ഉണ്ടായിരുന്നല്ലോ . പിന്നെന്തിനു രഹസ്യ സന്ദര്‍ശനം .ഇപ്പോള്‍ പരസ്യം ആയെങ്കിലും .

Tuesday, April 21, 2009

നാളെ ഇല്ലാത്തവര്‍ .

നമ്മടെ നാട് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തമല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണല്ലോ .അങ്ങനെയല്ല എന്ന് നമ്മളെ വിശ്വസിപ്പിക്കാന്‍ പ്രധാന മന്ത്രിയും കൂട്ടരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് .തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെയെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടി ഇടണമല്ലോ . ചില തലതിരിഞ്ഞ വികസനങ്ങളുടെ കണക്കു പറഞ്ഞു മേനി നടിക്കാന്‍ ശ്രമിക്കയാണവര്‍. 2006 തൊട്ട് ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും . യു എന്‍ ഹ്യൂമന്‍ റിസോര്‍സ് index ഇല്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ് .അതും ഭു‌ട്ടാനിനും താഴെ .പോഷക ആഹാരങ്ങള്‍ കിട്ടാതെ മരിച്ചു ജീവിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും ഭയാനകമായ രീതിയില്‍ കൂടി കൊണ്ടിരിക്കയാണ് .തൊഴില്‍ ഇല്ലാത്തവരുടെ ഒരു വന്‍ സേന തന്നെ നമുക്കു സ്വന്തമാണ് .നഗരങ്ങളില്‍ നിന്നും തൊഴിലില്ലാതെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന ഈ സേനയെ ഉള്‍കൊള്ളാന്‍ ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിയില്ല എന്നതും സത്യം . അപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നതു പോലെ കാര്യങ്ങള്‍ അത്ര ശുഭ സൂചകമല്ല .കുറച്ചു കോടി കോടി പതികള്‍ ഉണ്ടായി എന്നത് സത്യം തന്നെ .പക്ഷെ അതാണോ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചകം .
ഒരു സുഹൃത്ത് ചോദിച്ച പോലെ "ഇന്ത്യ മുഴുവന്‍ ഒരു രൂപയ്ക്കു ഫോണ്‍ വിളിക്കാം , അത് പോരെ ". നമ്മുടെ മധ്യ വര്‍ഗം ഇങ്ങനെ ചിന്തിക്കുന്നു . ഭരണ കൂടവും ഈ ചിന്ത തന്നെ പ്രതിഫലിപ്പിക്കുന്നു .

About Me

My photo
a simple man with no pretentions.
Powered By Blogger